Thiruvananthapuram: കേരളത്തിൽ ഇന്ന് അത്യന്തം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 204.4 mm-ൽ കൂടുതൽ മഴ പെയ്യുന്ന സാഹചര്യമാണ് അത്യന്തം ശക്തമായ മഴയായി വിലയിരുത്തപ്പെടുന്നത്.
ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതീവ ശക്തമായ മഴക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ 115.6 mm മുതൽ 204.4 mm വരെ മഴ പെയ്യാനാണ് സാധ്യത.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. 24 മണിക്കൂറിനുള്ളിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ഇതിൽ ഉൾപ്പെടുന്നത്.
മഴ തുടരാം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, അതിനുശേഷമുള്ള ദിവസം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് റെഡ് അലർട്ട്.
മത്സ്യബന്ധന നിരോധനം: കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലായി 40-50 kmph വേഗതയിൽ, ചില സമയങ്ങളിൽ 60 kmph വരെ കാറ്റിനെയും അനുകൂലമല്ലാത്ത കാലാവസ്ഥയെയും മുന്നിൽകണ്ട് മത്സ്യബന്ധനം തിങ്കളാഴ്ചവരെ ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.